Skip to main content

എൻട്രൻസ് സംശയങ്ങൾക്കു മറുപടി


*❓❓ എനിക്ക് കേരളത്തിലെ എംബിബിഎസിൽ മാത്രമേ താൽപര്യമുള്ളൂ. നീറ്റിന് സിബിഎസ്‌ഇക്ക് യഥാസമയം അപേക്ഷിച്ചാൽ മതിയല്ലോ. ഇവിടത്തെ എൻട്രൻസ് കമ്മിഷണറെ നീ‌റ്റ് റാങ്ക് വന്നിട്ട് താൽപര്യം അറിയിച്ചാൽ പോരേ?*


🔳🔳 പോരാ. സിബിഎസ്‌ഇ നടത്തുന്ന ‘നീറ്റ്’ (NATIONAL ELIGIBILITY CUM ENTRANCE TEST – Under Graduate) അപേക്ഷയ്‌ക്കു പുറമേ, കേരള എൻട്രൻസ് കമ്മിഷണർക്കു ഫെബ്രുവരി 28ന് അകം ഓൺലൈനായി അപേക്ഷ സമർപ്പിക്കണം. ഇതിന്റെ പ്രിന്റ് പ്രസക്തരേഖകൾ സഹിതം മാർച്ച് 31ന് അകം നിർദേശാനുസരണം കേരള എൻട്രൻസ് ഓഫിസിലെത്തിക്കുകയും വേണം. 

*❓❓ എൻട്രൻസ് പരീക്ഷാച്ചോദ്യങ്ങൾ സംസ്‌ഥാന ഹയർ സെക്കൻഡറി സിലബസ് അടിസ്‌ഥാനപ്പെടുത്തിയോ, അതോ സിബിഎസ്‌ഇ സിലബസ് പ്രകാരമോ?*

 🔳🔳 എൻട്രൻസ് പരീക്ഷയുടെ സിലബസ് പ്രോസ്‌പെക്‌ടസിന്റെ 45–55 പുറങ്ങളിലുണ്ട്. 

*❓❓ കേരളത്തിലെ ഏതെങ്കിലും എൻജിനീയറിങ് കോളജിൽ ഫുഡ് ടെക്‌നോളജി ബിടെക്കിനു പഠിക്കാൻ സൗകര്യമുണ്ടോ?*

🔳🔳 ഉവ്വ്. ഫുഡ് ടെക്‌നോളജി (കോളജ് ഓഫ് ഫുഡ് ടെക്നോളജി, ചാലക്കുടി, വെറ്ററിനറി സർവകലാശാല / കേരള ഫിഷറീസ് സർവകലാശാല, പനങ്ങാട്, കൊച്ചി / ടികെഎം ഇൻസ്‌റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജി, എഴുകോൺ). കൂടാതെ ഫുഡ് എൻജി. ആൻഡ് ടെക്‌നോളജി (കേളപ്പജി കോളജ് ഓഫ് ആഗ്രി എൻജിനീയറിങ് ആൻഡ് ടെക്നോളജി, തവനൂർ) 

*❓❓ എന്റെ മകളെ ദുബായിൽ എൻജിനീയറിങ് എൻട്രൻസ് പരീക്ഷ എഴുതിക്കണം. എൻട്രൻസ് കമ്മിഷണർക്ക് എത്ര രൂപയുടെ ഡ്രാഫ്റ്റ് അയയ്‌ക്കണം?*

 🔳🔳 ഡ്രാഫ്റ്റ്‌ രീതിയില്ല. ഓൺലൈനായി (നെറ്റ് ബാങ്കിങ് / കാർഡ്‌ വഴി) പണമടയ്ക്കാം. സാധാരണ ഫീസ് 700 രൂപ. ദുബായിലെഴുതാൻ അധികമായി 12,000 രൂപ. ആകെ 12,700 രൂപ. 

*❓❓ കേരളത്തിൽ ആകെ എത്ര മെഡിക്കൽ, ഡെന്റൽ, എൻജിനീയറിങ് കോളജുകളുണ്ട്?*


🔳🔳 എൻട്രൻസ് കമ്മിഷണർ പൂർണമായോ ഭാഗികമായോ പ്രവേശനം നൽകുന്ന കോളജുകളുടെ സംഖ്യയിങ്ങനെ: മെഡിക്കൽ 30, ഡെന്റൽ 25, എൻജിനീയറിങ് + ആർക്കിടെക്ചർ 159 + 23, ഫാർമസി 40, ഹോമിയോപ്പതി അഞ്ച്, ആയുർവേദം 17, സിദ്ധ ഒന്ന്, യൂനാനി ഒന്ന്, ആഗ്രികൾച്ചർ മൂന്ന്, ഫോറസ്ട്രി ഒന്ന്, വെറ്ററിനറി രണ്ട്. 

*❓❓ ഞാൻ മുന്നാക്ക റോമൻ കത്തോലിക്കനും ഭാര്യ ലത്തീൻ കത്തോലിക്ക വിഭാഗക്കാരിയുമാണ്. രണ്ടു പേരും ഭേദപ്പെട്ട ശമ്പളത്തോടെ ജോലി ചെയ്യുന്നു. നാട്ടിൽ റോമൻ കത്തോലിക്കരായിട്ടാണു കഴിയുന്നത്. മകന് പിന്നാക്ക ജാതി സംവരണം കിട്ടുമോ?*

🔳🔳 കിട്ടും. അച്ഛനമ്മമാരിൽ ഒരാളോ ഇരുവരുമോ പിന്നാക്കജാതിയിൽ പെട്ടാൽ സംവരണത്തിന് അർഹതയുണ്ട്. ജാതി വ്യക്തമാക്കിയുള്ള നോൺ ക്രീമിലെയർ സർട്ടിഫിക്കറ്റ് വില്ലേജ് ഓഫിസറിൽ നിന്നു വാങ്ങി ഹാജരാക്കണം. 

*❓❓ഞാൻ ബിഫാമിന് അപേക്ഷിക്കാൻ ആഗ്രഹിക്കുന്നു. ഇത്തവണ ബിഫാം സിലക‍്‌ഷന്റെ രീതി മാറ്റിയെന്നു കേൾക്കുന്നതു ശരിയാണോ? എന്താണ് ‌പുതിയ രീതി?*


🔳🔳 ശരിയാണ്. എൻജിനീയറിങ് എൻട്രൻസ് ഒന്നാം പേപ്പറിലെ മാർക്ക് നോക്കിയാണ് റാങ്കിങ് എങ്കിലും കെമിസ്ട്രിക്ക് കൂടുതൽ വെയിറ്റ് നൽകാനായി പുതിയ ഫോർമുല സ്വീകരിച്ചിട്ടുണ്ട്. ഈ പേപ്പറിൽ ഫിസിക്സിലെ 72 ചോദ്യങ്ങളും കെമിസ്ട്രിയിലെ 48 ചോദ്യങ്ങളുമാണുള്ളത്. ഓരോ ചോദ്യത്തിനും നാലുമാർക്ക്. ഈ വിഷയങ്ങൾക്കു പരമാവധി മാർക്ക് യഥാക്രമം 288 / 192. അങ്ങനെ, 120 ചോദ്യങ്ങൾക്ക് ആകെ 480 മാർക്ക്. ഫിസിക്സിൽ കിട്ടുന്ന മാർക്ക് അതേപടിയും കെമിസ്ട്രിയിലെ മാർക്ക് 2.25 കൊണ്ടു ഗുണിച്ചും എടു‌ത്ത്, രണ്ടിന്റെയും തുക കാണുന്നു. അതായതു പരമാവധി മാർക്ക് 288 + 432 = 720. ഇതിനെ 2/3 കൊണ്ട് ഗുണിച്ചു കിട്ടുന്ന 480 ൽ ആണ് മാർക്ക് കണക്കാക്കുക. വിദ്യാർഥി ഇതേക്കുറിച്ചു തല പുണ്ണാക്കേണ്ട. ഫിസിക്സിന്റെ ഒന്നര മടങ്ങു പ്രാധാന്യം കെമിസ്ട്രിക്കുണ്ടെന്നതിനാൽ ആ വിഷയം പഠിക്കുന്നതിൽ കൂടുതൽ ഊന്നൽ നൽകുക. 

*❓❓എൻട്രൻസ് മാർക്കും ഹയർ സെക്കൻഡറി മാർക്കും ചേർത്താണ് റാങ്ക് നിശ്‌ചയിക്കുന്നത്. 11, 12 ക്ലാസുകളിലെ മൊത്തം മാർക്കാണോ അതോ, 12ലെ മാത്രം മാർക്കാണോ ഇതിനു പരിഗണിക്കുക?*


🔳🔳 എൻജിനീയറിങ് റാങ്കിങ്ങിനുള്ള മാർക്കിനെപ്പറ്റിയാണു സംശയം. 

∙പന്ത്രണ്ടിലെ മാത്രം മാർക്കേ നോക്കൂ. റാങ്കിങ്ങിന്റെ കാര്യം ഇങ്ങനെയാണെങ്കിലും കേരള ഹയർ സെക്കൻഡറിയിലെപ്പോലെ 11, 12 ക്ലാസുകൾ രണ്ടിലും പബ്ലിക് പരീക്ഷയുണ്ടെങ്കിൽ പ്രവേശനത്തിന് അർഹത നിർണയിക്കാൻ രണ്ടു വർഷത്തെയും മാർക്കുകൾ പരിഗണിക്കും. 

*❓❓പ്ലസ് ടുവിൽ മാത്‌സിന് 50% മാർക്കില്ലാത്തവർക്കും സംവരണ ക്വോട്ടയിലല്ലാതെ കേരളത്തിൽ ബിടെക് പ്രവേശനത്തിന് അർഹതയുണ്ടെന്നു കേൾക്കുന്നതു ശരിയാണോ?*


🔳🔳 ശരിയാണ്. പ്ലസ്‌ടുവിൽ മാത്‌സ്, ‌ഫിസിക്സ്, കെമിസ്ട്രി എന്നിവയ്ക്കു മൊത്തം 45% എങ്കിലും മാർക്കുണ്ടെങ്കിൽ സ്വകാര്യ / സർക്കാർ–നിയന്ത്രിത സ്വാശ്രയ കോളജുകളിലെ മാനേജ്മെന്റ് ക്വോട്ട സീറ്റുകളിൽ ബിടെക് പ്രവേശനത്തിന് അർഹതയുണ്ട്. അതായത്, മാത്‌സിനു പാസ്മാർക്ക് മാത്രമാണെങ്കിലും പ്രവേശനം കിട്ടാം. 

*❓❓ അപേക്ഷ സമർപ്പിക്കുന്നതിനുള്ള നടപടിക്രമം വായിച്ചു നോക്കിയിട്ടു മനസ്സിലാകുന്നില്ല. എന്താണു പോംവഴി?*

🔳🔳 www.cee-kerala.org എന്ന സൈറ്റിലെ KEAM 2018 - Online Application Submission ‘ഹൗ ടു അപ്ലൈ’ ലിങ്കിൽ ക്ലിക് ചെയ്താൽ സൂചനകൾ കിട്ടും. Prospectus ലിങ്കിൽ ക്ലിക് ചെയ്തു ഡൗൺലോഡ് ചെയ്ത്, 20–ാം പുറത്തു തുടങ്ങുന്ന 7.4–ാം ഖണ്ഡികയിൽ അപേക്ഷാ സമർപ്പണത്തിന്റെ ആറു ഘട്ടങ്ങളും ഓരോ സമയത്തും കംപ്യൂട്ടർ സ്‌ക്രീനിൽ തെളിയുന്ന വിവരങ്ങളടക്കം വ്യക്‌തമായി കൊടുത്തിട്ടുണ്ട്. എന്നിട്ടും സംശയം തീരുന്നില്ലെങ്കിൽ അടുത്തുള്ള സർക്കാർ / എയ്ഡഡ് ഹയർ സെക്കൻഡറി സ്‌കൂളിലോ വൊക്കേഷനൽ ഹയർ സെക്കൻഡറി സ്‌കൂളിലോ ‘അക്ഷയ’ കേന്ദ്രത്തിലോ ചെല്ലുക. നിങ്ങൾക്ക് ഇക്കാര്യം പരിശീലിച്ചവരിൽ നിന്നു സൗജന്യസഹായം ലഭിക്കും. 

*❓❓ ഞാൻ കഴിഞ്ഞ വർഷം പ്ലസ്‌ടു ജയിച്ചതാണ്. പക്ഷേ ഇംഗ്ലിഷിന് 50% മാർക്കില്ല. വെറ്ററിനറി കോഴ്സിൽ പ്രവേശനം കിട്ടുമോ?*

🔳🔳 വെറ്ററിനറി ആൻഡ് ആനിമൽ ഹസ്‌ബൻഡറി കോഴ്‌സിനു പ്രവേശനം കിട്ടാൻ പ്ലസ്‌ടു പരീക്ഷയിൽ ഇംഗ്ലിഷിന് 50% മാർക്ക് വേണമെന്നില്ല. പക്ഷേ താഴെപ്പറയുന്ന ക്രമത്തിലെങ്കിലും മാർക്കുകൾ വേണം. എ) ബയോളജിക്കു തനിയെ 50% ബി) ബയോളജി, ഫിസിക്‌സ്, കെമിസ്‌ട്രി എന്നിവയ്‌ക്കു മൊത്തം 50% സി) ഇംഗ്ലിഷ്, ബയോളജി, ഫിസിക്‌സ്, കെമിസ്‌ട്രി എന്നിവയ്‌ക്കു മൊത്തം 50% 

*❓❓ പ്ലസ്ടുവിൽ സംസ്ക‍ൃതം ഉപഭാഷയായി പഠിക്കുന്ന എനിക്ക് ആയുർവേദ ബിരുദ റാങ്കിങ്ങിനു കേരള എൻട്രൻസ് ആയിരുന്നെങ്കിൽ പത്തു മാർക്ക് കൂടുതൽ കിട്ടുമായിരുന്നു. നീറ്റ് വന്നതോടെ ആ സൗകര്യം നഷ്ടപ്പെടുകയില്ലേ?*


🔳🔳 ഇല്ല. നീറ്റ് യുജിയിലെ മൊത്തം മാർക്കിനോട് എട്ടു മാർക്ക് വിശേഷമായി കൂട്ടിച്ചേർത്തായിരിക്കും ആയുർവേദ റാങ്കിങ്. 

*❓❓ ബിഎസ്‌സി നഴ്‌സിങ് കോഴ്‌സിന്റെ കാര്യം എൻട്രൻസ് പ്രോസ്പെക്റ്റസിൽ കണ്ടില്ല. വിട്ടുപോയതാണോ?*

🔳🔳 അല്ല. നഴ്സിങ്, ഫിസിയോതെറപ്പി തുടങ്ങി 10 പാരാമെഡിക്കൽ ശാഖകളിലെ ബാച്ച്ലർ ബിരുദപ്രവേശനം പ്ലസ്ടു പരീക്ഷയിലെ പ്രസക്ത വിഷയങ്ങളിൽ കിട്ടിയ മാർക്കിന്റെ അടിസ്ഥാനത്തിലാണ്. എൻട്രൻസ് പരീക്ഷയില്ല. ഇതിന്റെ സർക്കാർ വിജ്ഞാപനം പിന്നീടു വരും. 

*❓❓ മകന്റെ എൻട്രൻസ് അപേക്ഷ അയയ്ക്കാൻ ചെന്നപ്പോൾ സൈബർ കഫേക്കാർ പറയുന്നത് കംപ്യൂട്ടർ അപേക്ഷയ്‌ക്ക് എല്ലാം കൂടി 1500 രൂപ ചെലവുണ്ടെന്നാണ്. ഇത്രയും വേണ്ടി വരുമോ?*

🔳🔳 ഇല്ല. നിങ്ങൾ അടുത്തുള്ള ഏതെങ്കിലും സർക്കാർ, എയ്ഡഡ് ഹയർ സെക്കൻഡറി സ്‌കൂളിൽ ചെന്ന് സഹായം ആവശ്യപ്പെടുക. അപേക്ഷാഫീസ് നിരക്കുകൾ പ്രോസ്പെക്റ്റസിന്റെ 19–ാം പേജിലുണ്ട്. 

*❓❓ എനിക്കു ഗുണനപ്പട്ടിക ശരിക്ക് അറിഞ്ഞുകൂടാ. എൻട്രൻസ് പരീക്ഷയിൽ ഇപ്പോൾ കാൽകുലേറ്റർ അനുവദിക്കുമെന്നു കേൾക്കുന്നതു ശരിയാണോ?*

🔳🔳 ശരിയല്ല. കാൽകുലേറ്റർ, ലോഗരിതം ടേബിൾ, മൊബൈൽ ഫോൺ, ഇലക്‌ട്രോണിക് ഉപകരണങ്ങൾ മുതലായവ പരീക്ഷാഹാളിൽ അനുവദിക്കില്ല. പരീക്ഷയ്‌ക്കുള്ള തയാറെടുപ്പ് അതനുസരിച്ചായിരിക്കണം. 

*❓❓ ആയുർവേദ ബിരുദക്കാർക്ക് എംബിബിഎസിനു സംവരണമുണ്ടോ?*

🔳🔳 ഉവ്വ്. ആയുർവേദത്തിൽ ഡിഗ്രിയോ ഡിപ്ലോമയോ നേടിയവർക്ക് എൻട്രൻസ് പരീക്ഷയിലെ മാർക്ക് നോക്കി സർക്കാർ മെഡിക്കൽ കോളജുകളിൽ പ്രവേശനം നൽകുന്ന ഏഴ് എംബിബിഎസ് സീറ്റുകളുണ്ട്. 

*❓❓എൻട്രൻസ് അപേക്ഷകർക്കു പ്രായപരിധിയുണ്ടോ? എനിക്ക് 24‌ വയസ്സായി. അപേക്ഷിക്കാമോ?*

🔳🔳 2018 ഡിസംബർ 31ന് 17 വയസ്സ് തികയണം. എൻജിനീയറിങ്, ഫാർമസി, ആർക്കിടെക്ചർ കോഴ്സുകൾക്ക് ഉയർന്ന പ്രായപരിധിയില്ല. പക്ഷേ, മെഡിക്കൽ / അനുബന്ധ‌ കോഴ്സുകളിലെ പ്രവേശനം നീറ്റ് നിബന്ധനകൾ പ്രകാരമാണ്. പരീക്ഷാ ദിവസം 25 വയസ്സ് കവിയരുത് എന്നു കീഴ്‌‌വഴക്കം. പട്ടിക, പിന്നാക്ക വിഭാഗക്കാർക്ക് 30 വരെയാകാം. 


*❓❓ നീറ്റിലെ റാങ്ക് അഖിലേന്ത്യാ തലത്തിലായതിനാൽ എന്റെ റാങ്ക് തീരെ താണുപോകുമോ?*

🔳🔳 ഇല്ല. ദേശീയ റാങ്ക്‌ലിസ്റ്റിൽനിന്ന് കേരളത്തിൽ പ്രവേശനത്തിന് അർഹതയുള്ളവരെ തിരഞ്ഞെടുത്ത് അവർ മാത്രമുൾപ്പെടുന്ന സംസ്ഥാന റാങ്ക്‌ ലിസ്റ്റ് തയാറാക്കും. അത് അടിസ്ഥാനമാക്കിയാണ് കേരളത്തിലെ സിലക്‌ഷൻ. ഉദാഹരണത്തിന്, കേരളത്തിൽ പ്രവേശനത്തിന് അർഹതയുള്ളവരിൽ ആദ്യത്തെ നാലു പേരുടെ റാങ്ക് ദേശീയലിസ്‌റ്റിൽ 15, 83, 312, 420 എന്നിങ്ങനെയാണെന്നു കരുതുക. കേരളലിസ്റ്റിൽ അവരുടെ റാങ്ക് യഥാക്രമം 1, 2, 3, 4 എന്ന് ആയിരിക്കും. 

*❓❓നീറ്റ് എഴുതിയാൽ ഇന്ത്യയിലെ മറ്റു മെഡിക്കൽ കോളജുകളിലെ പ്രവേശനത്തിന് വേറെ എൻട്രൻസ് ടെസ്റ്റ് എഴുതേണ്ടല്ലോ?*


🔳🔳 അതു ശരിയല്ല. പാർലമെന്റ് നിയമപ്രകാരം സ്ഥാപിച്ച ഒൻപത് ഓൾ ഇന്ത്യാ ഇൻസ്‌റ്റിറ്റ്യൂട്സ് ഓഫ് മെഡിക്കൽ സയൻസസിലെയും ((AIIMS), പുതുച്ചേരി / കാരയ്ക്കൽ ജിപ്മെറിലെയും പ്രവേശനത്തിന് അവ നടത്തുന്ന പ്രത്യേക പ്രവേശന പരീക്ഷ എഴുതേണ്ടതുണ്ട്. തീരെക്കുറഞ്ഞ ഫീസ് നിരക്കുകളാണ് മികച്ച ഈ സ്ഥാപനങ്ങളിൽ. 

*❓❓ഞാൻ മെക്കാനിക്കൽ എൻജി. ഡിപ്ലോമ 85% മാർക്കോടെ ജയിച്ചിട്ടുണ്ട്. എനിക്ക് ബിടെക്കിന് പ്രവേശനം കിട്ടുമോ?*

🔳🔳 പണ്ട് കിട്ടുമായിരുന്നെങ്കിലും ഇപ്പോൾ കിട്ടില്ല. പക്ഷേ, ആർക്കിടെക്ചർ പ്രവേശനത്തിന് അപേക്ഷിക്കാം. ‘നാറ്റ’ എന്ന അഭിരുചി പരീക്ഷയിൽ യോഗ്യത നേടണം. (www.nata.in

*❓❓ ആർക്കിടെക്ചറിൽ മാത്രമാണ് എനിക്കു താൽപര്യം. ബിആർക്ക് പ്രവേശനത്തിന് ഞാൻ എന്തെല്ലാം ചെയ്യണം?*

🔳🔳 28ന് അകം കേരള എൻട്രൻസിന്റെ ഓൺലൈൻ അപേക്ഷ നൽകുക. മാർച്ച് 31ന് അകം അപേക്ഷയുടെ പ്രിന്റ്, എൻട്രൻസ് ഓഫിസിലെത്തിക്കുക. നാറ്റ അഭിരുചി പരീക്ഷയുടെ സിലബസും മുൻചോദ്യങ്ങളും നോക്കി തയാറെടുക്കുക. മാർച്ച്‌ രണ്ടിനകം ഇതിന് അപേക്ഷിക്കുക. ഏപ്രിൽ 29നു മൂന്നു മണിക്കൂർ നേരത്തെ നാറ്റ എഴുതുക. ജൂൺ പത്തിനകം നാറ്റ സ്കോർ എൻട്രൻസ് കമ്മിഷണർ ഓഫിസിലെത്തിക്കുക. നിങ്ങൾ കേരള എൻട്രൻസ് പരീക്ഷ എഴുതേണ്ട. പ്ലസ്ടുവിലെ ഭാഷകളടക്കമുള്ള മൊത്തം മാർക്കും നാറ്റ സ്കോറും 1:1 എന്ന അനുപാതത്തിൽ കൂട്ടിയാണ് റാങ്കിടുക. 

*❓❓ കേരള എൻട്രൻസ് ആയിരുന്നെങ്കിൽ എനിക്ക് മുസ്‌ലിം വിഭാഗത്തിനുള്ള എട്ടു ശതമാനം സംവരണാനുകൂല്യം കിട്ടുമായിരുന്നു. ദേശീയതലത്തിൽ നീറ്റ് വന്നതോടെ ഇതെനിക്കു നഷ്ടമാകുമോ?*

🔳🔳 ഇല്ല. സിലക്‌ഷനും സീറ്റ് അലോട്മെന്റും കേരള എൻട്രൻസ് കമ്മിഷണർ പഴയപടി നടത്തും. ദേശീയതലത്തിലുള്ള റാങ്കിങ് നോക്കി, കേരളത്തിലെ സംവരണ വ്യവസ്ഥകളനുസരിച്ചാണ് സിലക്‌ഷൻ. 

*❓❓ ഞാനും ഭാര്യയും 22 വർഷമായി മുംബൈയിലാണ്. മകൾ ജനിച്ചുവളർന്നതും പഠിച്ചതും ഇവിടെത്തന്നെ. അവൾക്ക് കേരളത്തിലെ മെഡിക്കൽ / എൻജിനീയറിങ് ബിരുദ പ്രവേശനത്തിന് അർഹതയുണ്ടോ?*

🔳🔳 അർഹതയുണ്ട്. പക്ഷേ, അച്ഛനമ്മമാരിൽ ഒരാളെങ്കിലും കേരളത്തിൽ ജനിച്ചതായിരിക്കണം. ഇത്തരത്തിൽ പലർക്കും സംശയങ്ങളുണ്ട്. സ്വദേശം സംബന്ധിച്ച പൊതുവ്യവസ്ഥകൾ കാണുക. താഴെപ്പറയുന്നവയിൽ ഏതെങ്കിലുമൊരു രേഖ ഹാജരാക്കുന്നവരെ പ്രവേശനത്തിനു പരിഗണിക്കും. 


1⃣ വിദ്യാർഥിയുടെ ജനനസ്‌ഥലം കേരളത്തിലാണെന്നു കാണിക്കുന്ന എസ്‌എസ്‌എൽസി പേജിന്റെ പകർപ്പ്. 

2⃣ അച്ഛനമ്മമാരിൽ ഒരാളെങ്കിലും കേരളത്തിൽ ജനിച്ചെന്നു കാട്ടുന്ന എസ്‌എസ്എൽസി പകർപ്പും മകൻ / മകൾ ആണെന്ന സർട്ടിഫിക്കറ്റും 

3⃣ വിദ്യാർഥിയോ അച്ഛനോ അമ്മയോ കേരളത്തിൽ ജനിച്ചെന്നു കാട്ടുന്ന പാസ്‌പോർട്ട് പകർപ്പ്. അച്ഛന്റെയോ അമ്മയുടെയോ പാസ്‌പോർട്ടാണെങ്കിൽ മകൻ / മകൾ ആണെന്ന സർട്ടിഫിക്കറ്റും. 

4⃣ പഞ്ചായത്ത് / മുനിസിപ്പാലിറ്റി / കോർപറേഷൻ നൽകിയ ജനന സർട്ടിഫിക്കറ്റ്, അഥവാ വില്ലേജ് ഓഫിസർ നിർദിഷ്‌ട ഫോർമാറ്റിൽ നൽകിയ സർട്ടിഫിക്കറ്റ്. 

5⃣ വിദ്യാർഥിയോ അച്ഛനോ അമ്മയോ കേരളത്തിൽ ജനിച്ചതാണെന്നു വില്ലേജ് ഓഫിസർ നിർദിഷ്‌ട ഫോർമാറ്റിൽ നൽകിയ സർട്ടിഫിക്കറ്റ്. 

6⃣ അച്ഛൻ / അമ്മ കേരളത്തിലേക്ക് അലോട്ട് ചെയ്‌ത അഖിലേന്ത്യാ സർവീസ് ഓഫിസർ ആണെന്ന രേഖ. 

കേരളീയരല്ലാത്തവർ രണ്ടു തരം; ഇവർക്കും വ്യവസ്ഥകളോടെ പ്രവേശനാർഹത 

🔘 ഒന്നാം കാറ്റഗറി: 

സായുധ സേനാംഗങ്ങളടക്കം കേരളത്തിൽ സേവനമനുഷ്‌ഠിക്കുന്ന കേന്ദ്രസർക്കാർ ജീവനക്കാർ, കേരള സർക്കാരിൽ രണ്ടു വർഷമെങ്കിലും സേവനമനുഷ്‌ഠിച്ചിട്ടുള്ള കേരളീയരല്ലാത്ത ജീവനക്കാർ എന്നിവരുടെ കുട്ടികൾ. 11, 12 ക്ലാസുകൾ കേരളത്തിൽ പഠിച്ചിരിക്കണം. ഇക്കാര്യങ്ങൾ ഓഫിസ് മേധാവി / പ്രിൻസിപ്പൽ അപേക്ഷാഫോമിൽ സാക്ഷ്യപ്പെടുത്തണം. കഴിഞ്ഞ 12 വർഷക്കാലത്തിൽ അഞ്ചു വർഷമെങ്കിലും വിദ്യാർഥി കേരളത്തിൽ താമസിച്ചിരുന്നാലും മതി. ഇതു വില്ലേജ് ഓഫിസർ ഫോമിൽ സാക്ഷ്യപ്പെടുത്തണം. എട്ടു മുതൽ 12 വരെ ക്ലാസുകൾ കേരളത്തിൽ പഠിച്ചവരും ഈ വിഭാഗത്തിൽപ്പെടും. ഇക്കാര്യം അപേക്ഷാ ഫോമിൽ പ്രിൻസിപ്പൽ സാക്ഷ്യപ്പെടുത്തണം. സ്‌റ്റേറ്റ് മെറിറ്റ് സീറ്റുകളിലേക്കു മാത്രം പരിഗണിക്കും; സംവരണാനുകൂല്യമില്ല. 

🔘 രണ്ടാം കാറ്റഗറി: 

കേരളീയരല്ലാത്തവരിൽ, ഒന്നാം കാറ്റഗറിയിൽപ്പെടാത്തവർ. പ്ലസ്‌ടു കോഴ്സ് പൂർത്തിയാക്കിയ സർട്ടിഫിക്കറ്റ് അഥവാ പാസ്പോർട്ടിന്റെ പകർപ്പു ഹാജരാക്കി ഇന്ത്യക്കാരനെന്നു തെളിയിക്കണം. സർക്കാർ നിയന്ത്രിത സ്വാശ്രയ എൻജിനീയറിങ് കോളജുകളിലെയും സ്വകാര്യ സ്വാശ്രയ എൻജി. / ആർക്കി. കോളജുകളിലെയും സർക്കാർ / മാനേജ്‌മെന്റ് സീറ്റുകളിൽ പ്രവേശനത്തിന് അർഹതയുണ്ട്. സംവരണ സീറ്റിലോ മെഡിക്കൽ / അനുബന്ധ കോഴ്സുകളിലോ പ്രവേശനമില്ല. പിഐഒ / ഒസിഐ: പഴ്‌സൻസ് ഓഫ് ഇന്ത്യൻ ഒറിജിൻ, ഓവർസീസ് സിറ്റിസൺസ് ഓഫ് ഇന്ത്യ എന്നീ വിഭാഗക്കാരെ പ്രവേശനക്കാര്യത്തിൽ ഇന്ത്യൻ പൗരന്മാരെപ്പോലെ പരിഗണിക്കും. പക്ഷേ, ഒരു സംവരണത്തിനും അർഹതയില്ല. 

🌍🌍 വെബ്: www.cee-kerala.org.
Source: Manorama
🎓🌍🎓🌍🎓🌍🎓🌍🎓

Comments

Popular posts from this blog

What Next After Plus Two

• Are you waiting for the 12 th results? • Now time for you to make a decision about your career • Plenty of options can often leave students confused and discouraged • To weed out the thorns of confusion, you first need to analyze your – interests, hobbies, inclination, potentiality and opportunities Download Details All Entrance Details at a Glance

India Skills Kerala-2018

India Skills Kerala-2018 [Industrial Training Department Notification] ഇന്ത്യ സ്‌കില്‍സ് കേരള 2018 എന്ന പേരില്‍ നടത്തുന്ന തൊഴില്‍ നൈപുണ്യ മത്സരത്തില്‍ പങ്കെടുത്ത് രാജ്യത്തിന്റെ അഭിമാനതാരമാകാനുള്ള അവസരമൊരുക്കുകയാണ് സംസ്ഥാന സര്‍ക്കാര്‍. ലോകത്തിലെ സ്‌കില്‍സ് ഒളിമ്പിക്‌സ് എന്നറിയപ്പെടുന്ന വേള്‍ഡ് സ്‌കില്‍സ് കോംപറ്റീഷന്റെ ഭാഗമായാണ് മത്സരങ്ങള്‍ സംഘടിപ്പിക്കപ്പെടുന്നത്.കൊത്തു പണിയും പ്ലംബിങ്ങും മുതല്‍ മൊബൈല്‍ റോബോട്ടിക്‌സും വെബ്‌പേജ് ഡിസൈനിങ് മേക്കിങ്ങും അടക്കം 20 തൊഴില്‍ മേഖലകളിലെ നൈപുണ്യമാണ് വിലയിരുത്തപ്പെടുക.  അവസാനഘട്ടത്തില്‍ എത്തുന്നവര്‍ക്ക് ഒടുവില്‍ രാജ്യത്തെ പ്രതിനിധീകരിച്ചു മത്സരിക്കാം. 21 വയസില്‍ താഴെയുള്ള ആര്‍ക്കും മത്സരങ്ങളില്‍ പങ്കെടുക്കാം. മാര്‍ച്ച് 18 ആണ് രജിസ്റ്റര്‍ ചെയ്യാനുള്ള അവസാന ദിവസം View Brochure   Visit Website : http://www.indiaskillskerala.com/   Download Details

നീറ്റ് യുജി-2018 വിജ്ഞാപനമായി - മാര്‍ച്ച് ഒമ്പത് വരെ അപേക്ഷിക്കാം

ന്യൂഡല്‍ഹി: എം ബി ബി എസ്, ബി ഡി എസ് ബിരുദ കോഴ്സുകളിലേക്ക് പ്രവേശനം നേടുന്നതിനുള്ള നീറ്റ്(നാഷണല്‍ എലിജിബിലിറ്റി കം എന്‍ട്രന്‍സ് ടെസ്റ്റ്- യു ജി) ഓണ്‍ലൈന്‍ അപേക്ഷ ക്ഷണിച്ചു. 2018 മെയ് ആറിനാണ് പരീക്ഷ. നീറ്റ് 2018 ന്റെ ഔദ്യോഗിക വെബ്സൈറ്റിലൂടെ ഓണ്‍ലൈനായി അപേക്ഷിക്കാവുന്നതാണ്. അപേക്ഷകള്‍ക്ക് ആധാര്‍ നമ്പര്‍ നിര്‍ബന്ധമാക്കിയിട്ടുണ്ട്.  വിജ്ഞാപനപ്രകാരം ഓപ്പണ്‍ സ്‌കൂളില്‍നിന്നോ പ്രൈവറ്റായോ പ്ലസ് ടു പാസായ വിദ്യാര്‍ഥികള്‍ക്ക് അപേക്ഷിക്കാനാവില്ല. ഫെബ്രുവരി ഒമ്പത് വെള്ളിയാഴ്ച മുതല്‍ മാര്‍ച്ച് ഒമ്പത് വരെയാണ് അപേക്ഷിക്കാനാവുക. കൂടുതല്‍ വിവരങ്ങള്‍ക്കും അപേക്ഷ സമര്‍പ്പിക്കുന്നതിനും  www.cbseneet.nic.in  എന്ന വെബ് സൈറ്റ് സന്ദര്‍ശിക്കുക. ന്യൂഡല്‍ഹി: എം ബി ബി എസ്, ബി ഡി എസ് ബിരുദ കോഴ്സുകളിലേക്ക് പ്രവേശനം നേടുന്നതിനുള്ള നീറ്റ്(നാഷണല്‍ എലിജിബിലിറ്റി കം എന്‍ട്രന്‍സ് ടെസ്റ്റ്- യു ജി) ഓണ്‍ലൈ... Read more at: http://www.mathrubhumi.com/education-malayalam/news/cbse-neet-ug-2018-national-eligibility-cum-entrance-test-mbbs-bds-admission-1.2588237 ന്യൂഡല്‍ഹി: എം ബി ബി എസ്, ബി ഡി എസ് ബിരുദ കോഴ്സു